ന്യൂഡൽഹി: വോട്ടർ പട്ടികയുടെ രാജ്യ വ്യാപകമായ തീവ്ര പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിൽ കേരളവും ഉൾപ്പെടും. ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയായി. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന അസമൊഴികെയുള്ള 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പിലാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.1951 മുതൽ 2004 വരെ രാജ്യത്ത് എട്ടുതവണ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം നടന്നുവെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
കേരളത്തിലും ഇന്ന് അർധരാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. എസ്‌ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. നടപടികൾ നാളെ മുതൽ നവംബർ മൂന്നുവരെ പ്രാഥമികമായി നടക്കും.ബിഎൽഒ ഉൾപ്പടെയുള്ളവർക്ക് നാളെ മുതൽ പരിശീലനം തുടങ്ങും തുടർന്ന് നവംബർ നാലുമുതൽ ഡിസംബർ നാലുവരെ വീടുകൾ കയറിയുള്ള വിവരശേഖരണം പൂർത്തിയാക്കും. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഡിസംബർ ഒൻപതിനാണ്. കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ജനുവരി എട്ടുവരെയാണ് സമർപ്പിക്കേണ്ടത്. വേണ്ട തിരുത്തലുകൾ വരുത്തിയ ശേഷം ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നെന്ന മുടന്തൻ ന്യായം പറഞ്ഞ് കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന് സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ കക്ഷികൾ ആവശ്യമുന്നയിച്ചിരുന്നു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ എസ്ഐആർ നടപടിക്രമങ്ങൾ ബാധിക്കില്ലെന്നു വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്‌ട്രീയ കക്ഷികളുടെ ഈ ആവശ്യം തള്ളി.
ആൻഡമാൻ നിക്കോബാർ, ചത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ട എസ്‌ഐആർ നടപ്പിലാക്കുന്നത്.















