ന്യൂഡൽഹി: വോട്ടിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എന്തും ചെയ്യുമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്നും മാന്യതയില്ലാത്ത പെരുമാറ്റമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ പരാമർശങ്ങൾ അപമാനകരവും പ്രധാനമന്ത്രിയെ പരിഹസിക്കുന്നതുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ പറയുന്നു. ഭരണഘടനയുടെ അന്തസ്സിനെ അപമാനിക്കുന്ന പരാമർശമാണ് ഇതെന്നും കമ്മീഷൻ വിമർശിച്ചു.
കഴിഞ്ഞ ദിവസം ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ അധിക്ഷേപ പരാമർശം നടത്തിയത്. പ്രധാനമന്ത്രിക്ക് വോട്ട് മാത്രമേ വേണ്ടൂവെന്നും മോദിയോട് നൃത്തം ചെയ്യാൻ പറഞ്ഞാലും കേൾക്കുമെന്നുമായിരുന്നു രാഹുലിന്റെ വിവാദപരാമർശം.
എല്ലാ തെരഞ്ഞെടുപ്പ് റാലിയിലും പ്രസംഗിക്കുന്നത് പോലെ ഇത്തവണയും രാഹുൽ വോട്ട് മോഷണത്തെ കുറിച്ച് ഉന്നയിച്ചു. മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപി വോട്ട് മോഷ്ടിച്ചെന്നും ബിഹാറിലും അത് സംഭവിക്കുമെന്നും രാഹുൽ ആരോപിച്ചിരുന്നു.















