ന്യൂഡൽഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി നിയമിതനായി സുപ്രീം കോടതി മുതിർന്ന ജഡ്ജി സൂര്യകാന്ത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് നിയമിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിൻഗാമിയായി നവംബർ 24-ന് സൂര്യകാന്ത് സ്ഥാനമേൽക്കും. 2027 ഫെബ്രുവരി ഒമ്പത് വരെ അദ്ദേഹം സേവനമനുഷ്ഠിക്കും. കേന്ദ്ര നിയമമന്ത്രി അർജുർ റാം മേഘ് വാളാണ് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പുതുതായി നിയമിക്കപ്പെട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കേന്ദ്രമന്ത്രി ആശംസകളും അറിയിച്ചു. ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 മെയ്യിലാണ് സുപ്രീംകോടതിയിൽ നിയമിതനായത്.
നിലവിലെ ജുഡീഷ്യറി മേധാവിയായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 23-ന് വിരമിക്കും.
1981-ൽ ഹിസാറിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നിന്നും ബിരുദം നേടി. 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. അതേ വർഷം തന്നെ ഹിസാറിലെ ജില്ലാ കോടതിയിൽ നിയമ ജീവിതം ആരംഭിച്ചു. 1985 ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡീഗഡിലേക്ക് മാറി. 2000 ജൂലൈ ഏഴിന് ഹരിയാനയിലെ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം നിയമിതനായി. 2001 മാർച്ചിൽ സീനിയർ അഡ്വക്കേറ്റായി നിയമിച്ചു. 2004-ൽ ജസ്റ്റിസ് കാന്ത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.















