തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള 17% ക്ഷാമബത്ത കൂടിശ്ശികയിൽ കേവലം 4% മാത്രം അനുവദിച്ച സർക്കാർ നടപടി തെരഞ്ഞെടുപ്പ് പ്രഹസനമെന്ന് എൻ. ജി. ഒ. സംഘ് ആരോപിച്ചു. 2023 ജനുവരി മുതൽ ലഭ്യമാകേണ്ട ക്ഷാമബത്തയുടെ 34 മാസത്തെ കുടിശിക നൽകാതെയുള്ള പ്രഖ്യാപനം പ്രതിഷേധാർഹമാണ്.
അഞ്ച് തവണകളായി അനുവദിച്ചിട്ടുള്ള 15 % ക്ഷാമബത്തയുടെയും മുൻകാല പ്രാബല്യം നിഷേധിച്ചതിലൂടെ താഴ്ന്ന ശമ്പളസ്കെയിലുള്ള ജീവനക്കാർക്ക് പോലും ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ഐ.എ.എസ്. ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് കുടിശ്ശികതുക പണമായി നൽകുകയും മറ്റ് ജീവനക്കാരെ അവഗണിക്കുകയും ചെയ്യുന്ന വിവേചാപരമായ നടപടിയാണ് സർക്കാർ തുടരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നാമമാത്രമായിട്ടുള്ള ക്ഷാമബത്ത പ്രഖ്യാപനത്തിലൂടെ പൊതു സമൂഹത്തെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പന്ത്രണ്ടാം ശമ്പളപരിഷകരണവും, തടഞ്ഞുവെച്ച മുഴുവൻ ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുന്നതുവരെ ജീവനക്കാർ പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു.















