തിരുവനന്തപുരം: അമ്മയ്‌ക്ക് ഉറക്കഗുളിക നൽകിയ ശേഷം 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 30 വർഷം കഠിന തടവ്. ചിറയിൻകീഴ് ശാർക്കര സ്വദേശി സുജിത്തിനാണ് ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഒമ്പതാംക്ലാസുകാരിയും 26 കാരനും പരിചയപ്പെടുന്നത്. മാതാവിന് ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷമാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പീഡിപ്പിച്ചത്. ഇതിന് ശേഷം വർക്കലയിലെ റിസോർട്ടിൽ കൊണ്ടുപോയും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു ലൈംഗികമായി ഉപയോഗിച്ചത്.
30 വർഷം കഠിന തടവിന് പുറമേ 5.75 ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. പിഴത്തുക പെൺകുട്ടിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 23 മാസം തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.















