കാബൂൾ: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ. ഇസ്താംബൂളിൽ നടന്ന അവസാനഘട്ട സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിമർശിച്ചത്. ചർച്ചകളിൽ പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ഖത്തറിന്റെയും തുർക്കിയുടെയും മദ്ധ്യസ്ഥതയിലാണ് ചർച്ച നടന്നത്. ചർച്ചകൾ സ്തംഭിച്ചെങ്കിലും വെടിനിർത്തൽ നിലനിൽക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.
പാക്- അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും ധാരാളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകൾ നടന്നത്. രണ്ട് ദിവസമായി തുടർന്ന ചർച്ച പരിഹരിക്കപ്പെടാതെ അവസാനിക്കുകയായിരുന്നു.
പാകിസ്ഥാൻ നിരുത്തരവാദപരവും സഹകരണമില്ലാതെയുമാണ് ചർച്ചയിൽ പങ്കെടുത്തത്. അതിനാൽ ചർച്ചകളിൽ നിന്ന് ഒരു ഫലവും ഉണ്ടായില്ലെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. തങ്ങൾ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















