കാബൂൾ : സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ. തങ്ങൾ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനും (ടിടിപി) പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പുതിയതല്ല. 2002 മുതൽ അത് നിലനിൽക്കുന്നുണ്ട്. പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെയാണ് ചർച്ചയിൽ പങ്കെടുത്തത്. വിഷയത്തെ പാകിസ്ഥാൻ ഗൗരവകരമായി കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റൊരു രാജ്യത്തിനെതിരെ പോരാടുന്നതിന് അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ആരെയും ഞങ്ങൾ അനുവദിക്കില്ല. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള യാതൊരു ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും” മുജാഹിദ് പറഞ്ഞു.
ചർച്ച ആരംഭിക്കുന്നതിന് മുമ്പ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫും യുദ്ധത്തിലേക്ക് കടക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ സ്ഥിതി കൂടുതൽ വഷളാകും. യുദ്ധത്തിലേക്ക് ഞങ്ങൾ കടക്കും. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തടയാൻ താലിബാൻ കർശന നടപടികൾ സ്വീകരിക്കുന്നത് വരെ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം സാധാരണനിലയിലേക്ക് മടങ്ങാൻ കഴിയില്ലെന്നുമായിരുന്നു പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.















