ചെന്നൈ: ഭാര്യയും പങ്കാളിയായ യുവതിയും ചേർന്ന് മകനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. യുവാവിന്റെ ഭാര്യയും ആരോപണവിധേയയുമായ ഭാരതി സ്വവർഗാനുരാഗിയാണ്. ഇവരുടെ പങ്കാളിയായ സുമിത്രയ്‌ക്കതിരെയും യുവാവ് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് മാസം മുമ്പാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. എന്നാൽ ഭാര്യ മകനെ മനഃപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് യുവാവ് പറഞ്ഞു. സംശയം തോന്നിയ ഇയാൾ ഭാരതിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് പങ്കാളിയായ സുമിത്രയോടൊപ്പമുള്ള ചിത്രങ്ങൾ കണ്ടത്. കൂടാതെ ചില ശബ്ദസന്ദേശങ്ങളും ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ഭാരതിയും സുമിത്രയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഭാരതി സമ്മതിക്കുന്ന ശബ്ദസന്ദേശവും യുവാവ് പൊലീസിന് കൈമാറി.















