തൃശൂർ: രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ കൊട്ടേഷൻ സംഘം പിടിയിൽ. കൊട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ ഉൾപ്പെടെ അഞ്ച് പേർ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് കണ്ടെത്തി. എറണാകുളത്തുനിന്നും തൃശൂരിൽ നിന്നുമായാണ് പ്രതികൾ പിടിയിലായത്.
ഇന്ന് പുലർച്ചയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ വെളപ്പായ സ്വദേശി സുനിലിനും ഡ്രൈവർ അജീഷിനും വ്യാഴാഴ്ച രാത്രി പത്തോടെയാണ് വെട്ടേറ്റത്. വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെ അജീഷിനാണ് ആദ്യം വെട്ടേറ്റത്. തുടർന്ന് സുനിലിനേയും ആക്രമിച്ചു. മൂന്നു പേരാണ് ആക്രമിച്ചത്.സുനിലിന്റെ കാലിലാണ് പരിക്ക്. അജീഷിന് കൈയിലാണ് വെട്ടേറ്റത്.കാറിന്റെ പിൻസീറ്റിൽ ഇരുന്ന സുനിലിനെ ചില്ല് തകർത്താണ് വെട്ടിയത്. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു.
ഇരുവരേയും ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് ദയ ആശുപത്രിയിലേക്കും മാറ്റി. സുനിൽ പത്തുവർഷത്തോളമായി രാഗം തിയറ്റർ വാടകയ്‌ക്കെടുത്ത് നടത്തുകയാണ്. തിയറ്റർ നടത്തിപ്പിനു പുറമെ മറ്റു ബിസിനസും സുനിൽ നടത്തുന്നുണ്ട്. ബിസിനസ് സംബന്ധമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ളക്വട്ടേഷനാണെന്ന് വിവരം. തൃശൂർ സ്വദേശിയാണ് കൊട്ടേഷൻ നൽകിയത്. ഇയാളും പിടിയിലായിട്ടുണ്ട്.















