ഇസ്ലാമബാദ്: ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി ഉസ്മ. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ എത്തി ഇമ്രാൻ ഖാനെ കണ്ടതിന് ശേഷമാണ് ഉസ്മ മാദ്ധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്. ഇതോടെ ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതയ്‌ക്കും അനിശ്ചിതത്വത്തിനുമാണ് വിരാമമായത്.
സഹോദരൻ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം ആരോഗ്യവാനാണ്, പക്ഷേ വളരെ ദേഷ്യത്തിലാണ്, ഉസ്മ പറഞ്ഞു. പാക് ഭരണകൂടം അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരുമായും ആശയവിനിമയം നടത്താൻ അനുവദിക്കുന്നില്ലെന്നും സഹോദരി ആരോപിച്ചു.
ഇമ്രാൻഖാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികൾ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിനു മുന്നിലേക്കും പ്രക്ഷോഭം വ്യാപിച്ചതോടെയാണ് ഇമ്രാൻ ഖാന്റെ സഹോദരിക്ക് ഭരണകൂടം സന്ദർശനാനുമതി നൽകിയത്.















