ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം രാജ്യസഭയിൽ വെളിപ്പെടുത്തിയത്. ഇതിന് വേണ്ടി പ്രവർത്തിച്ച ജോൺ ബ്രിട്ടാസിനെ കേന്ദ്ര മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
പൂർണ്ണസമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരിട്ട് കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല, ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.















