ന്യൂഡൽഹി: ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾക്ക് ഇന്ന് രാജ്യതലസ്ഥാനം വേദിയാകും. 27 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിക്കൊപ്പം പുടിൻ പങ്കെടുക്കും. ഉഭയകക്ഷി വാണിജ്യം, വ്യാപാരം എന്നീ രംഗങ്ങളിൽ നിർണായ തീരുമാനങ്ങളുണ്ടാകും. അമേരിക്കൻ തീരുവ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉച്ചകോടി ആഗോള തലത്തിൽ തന്നെ ചർച്ചയാകുകയാണ്.
വെള്ളിയാഴ്ച രാവിലെ 11-മണിക്ക് രാഷ്‌ട്രപതിഭവനിൽ എത്തുന്ന പുടിന് ആചാരപരമായ സ്വീകരണം നൽകും. 11.30-ന് അദ്ദേഹം രാജ്ഘട്ടിലെത്തി പുഷ്പചക്രം അർപ്പിക്കും. തുടർന്ന് 11. 50 ന് ഉച്ചകോടിയിൽ പങ്കെടുക്കും. 1.50-ന് സംയുക്തപ്രസ്താവന നിശ്ചയിച്ചിരിക്കുന്നത്. 3.40-ന് ഫിക്കി ഭാരതമണ്ഡപത്തിൽ വാണിജ്യസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിൽ അദ്ദേഹം പങ്കെടുക്കും. ഒൻപത് മണിയോടെ പുടിനും സംഘവും മോസ്കോയിലേക്ക് മടങ്ങും.
വ്യാഴാഴ്ച വൈകുന്നേരമാണ് പുടിൻ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രോട്ടോക്കോളുകൾ മാറ്റിവെച്ചാണ് പ്രധാനമന്ത്രി പുടിനെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ഇരുവരും ഒരേ കാറിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിലേക്ക് പോയി. റഷ്യൻ ഭാഷയിലുള്ള ഭഗവദ് ഗീത പ്രധാനമന്ത്രി പുടിന് സമ്മാനിച്ചു.















