നാനാത്വത്തിൽ ഏകത്വമാണ് ഭാരത്തിന്റെ സൗന്ദര്യവും മുഖമുദ്രയും. ഒരൊറ്റ ജനതയാണെങ്കിലും ഭാഷയിലും സംസ്കാരത്തിലും ആചാരങ്ങളിലും നാം പരസ്പരം വ്യത്യസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസം വിവാഹ ചടങ്ങുകളിലും എന്തിന് വധുവരൻമാരുടെ വസ്ത്രങ്ങളിൽ പോലും ദൃശ്യമാണ്. ഇന്ത്യലെ വിവിധ സംസ്ഥാനങ്ങളിലെ വിവാഹ വസ്ത്രങ്ങൾ പരിചയപ്പെടാം
കേരളീയ വിവാഹ വസ്ത്രം

മിക്ക മലയാളി ഹിന്ദു വധുവിന്റെയും വിവാഹ വസ്ത്രം സാരി തന്നെയായിരിക്കും. നിറമേതായാലും കസവ് ബോർഡറോ അല്ലെങ്കിൽ സ്വർണ നിറമുള്ള ഡിസൈനുകളോ സാരിയിൽ ഇടം പിടിക്കും. വിവാഹം ക്ഷേത്രത്തിൽ നിന്നാണെങ്കിൽ കേരള സാരിയും ഉപയോഗിക്കാറുണ്ട്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വർണ്ണാഭരണങ്ങളും വിവാഹ ദിനത്തിൽ പെൺകുട്ടികൾ അണിയാറുണ്ട്. വിവാഹ വിപണിയിൽ ട്രെൻഡുകൾ മാറി വരുന്നുണ്ടെങ്കിലും അന്നും ഇന്നും മലയാളി വരന്റെ വസ്ത്രത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. കസവു മുണ്ടും അതിന്റെ കൂടെ ഷർട്ടോ കുർത്തയോ ആണ് യുവാക്കൾക്ക് ഇഷ്ടം.
തമിഴ്നാട് വിവാഹ വസ്ത്രം

ഇന്ത്യയിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിൽ ഒന്നാണ് തമിഴ് വിവാഹങ്ങൾ. ആഡംബരത്തേക്കാൾ പൈതൃകത്തിനും ആചാരത്തിനുമാണ് ഇവിടെ പ്രാധാന്യം. തമിഴ് വധുക്കൾ സാധാരണയായി ഒൻപത് മീറ്റർ അല്ലെങ്കിൽ ആറ് മീറ്റർ നീളമുള്ള കാഞ്ചിവാരം സാരിയാണ് ഉപയോഗിക്കുന്നത്. അതേസമയം പുരുഷന്മാർ മുണ്ടും ഷർട്ടും അതിന്റെ കൂടെ വെഷ്ടിയുമാണ് ധരിക്കുന്നത്.
പഞ്ചാബി വിവാഹ വസ്ത്രങ്ങൾ

പഞ്ചാബിലെ സ്ത്രീകൾക്ക് ഏറ്റവും സാധാരണമായ വിവാഹ വസ്ത്രം ലെഹങ്ക ചോളിയാണ്. ഇതിന് പുറമേ സൽവാർ കമീസ്, ധാരാളം എംബ്രോയ്ഡറിയോടു കൂടിയ ദുപ്പട്ട എന്നിവയും ധരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. തലപ്പാവ് മുതൽ ഷെർവാണി വരെ നീണ്ടതാണ് പഞ്ചാബി വരന്മാരുടെ സ്റ്റൈൽ.
ഡൽഹി വിവാഹ വസ്ത്രം

ഡൽഹിയിലെ വധുക്കൾ വിവാഹ വസ്ത്രമായി കൂടുതലായും ലെഹങ്കകളാണ് തിരഞ്ഞെടുക്കുന്നത്. ഒപ്പം ഡിസൈനർ സാരികൾ ഇഷ്ടപ്പെടുന്നവരുമുണ്ട്. വരന്മാർക്ക് ഷെർവാണി, പഠാണി സ്യൂട്ടുകളിൽ തിളങ്ങാനാണ് ഇഷ്ടം
ബംഗാൾ വിവാഹ വസ്ത്രങ്ങൾ

ബംഗാളി വധുക്കൾ വിവാഹദിനത്തിൽ ചുവപ്പ്, മെറൂൺ അല്ലെങ്കിൽ പിങ്ക് നിറങ്ങളിലുള്ള സാരികളാണ് ധരിക്കുന്നത്. ഇവ സാധാരണയായി ബനാറസി സിൽക്കിൽ നിർമ്മിച്ചവയാണ്. പണ്ടുകാലത്ത് വധു സാധാരണയായി ചുവപ്പ് അല്ലെങ്കിൽ മെറൂൺ പിങ്ക് ബോർഡറുള്ള വെളുത്ത സാരിയാണ് ധരിക്കാറ്. വിവാഹങ്ങൾക്കും സ്വീകരണ ചടങ്ങുകൾക്കും ധോത്തി കുർത്തയാണ് പരമ്പരാഗത ബംഗാളി വരന്റെ വസ്ത്രം.















