പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ മുഖം കേരളക്കരയുടെ മനസിൽ നിന്ന് മായുംമുമ്പേ വാളയാറിൽ വീണ്ടും അതേ ആക്രമണം ഉണ്ടായത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു. അതിഥി തൊഴിലാളിയായ രാമനാരായണനാണ് കഴിഞ്ഞ ദിവസം ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ പത്ത് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ആന്തരികവായവങ്ങൾക്കേറ്റ പരിക്കുകളെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ.
ബുധനാഴ്ച വൈകിട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം. റോഡില്‍ കൂടി നടന്നുപോവുകയായിരുന്ന രാമാനാരായണ്‍ ഭയ്യയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമായിരുന്നു.















