കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടൻ ജയസൂര്യയെ ചോദ്യം ചെയ്തു. കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നതേതുടർന്നാണ് ചോദ്യം ചെയ്തത്.
ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പാണ് നടന്നത്. ഈ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ജയസൂര്യയെ രണ്ടാം തവണയും ചോദ്യം ചെയ്തത്. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു . ഈ സംഭവത്തിൽ സ്ഥാപന ഉടമ സ്വാതിഖ് റഹീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്.
ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമായ സേവ് ബോക്സ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു നൽകിയ വാഗ്ദാനം. ഇതേപേരില്‍ മൊബൈല്‍ ആപ്പും ഇവർ പുറത്തിറക്കിയിരുന്നു.















