പന്തളം: മകരസംക്രമ നാളിൽ ശബരിമല ശ്രീ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഘോഷയാത്രയുടെ തുടക്കത്തിൽ ഭഗവാൻ ശ്രീപരമേശ്വരന്റെയും ശ്രീഹരി വിഷ്ണുവിന്റെയും പ്രതീകങ്ങളായ ശ്രീകൃഷ്ണ പരുന്തുകൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന്റെ മുകളിൽ വട്ടമിട്ട് പറന്നു.ഘോഷയാത്രയ്‌ക്ക് അനുവാദം നൽകികൊണ്ട് ആണ് ശ്രീകൃഷ്ണ പരുന്തുകൾ പറക്കുന്നത് എന്നൊരു വിശ്വാസമുണ്ട്.
തിരുവാഭരണ ഘോഷയാത്ര മറ്റന്നാൾ സന്നിധാനത്തെത്തും.ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും. 26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.
മരുതമലയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പുണര്‍തം നാള്‍ പി.എൻ നാരായണ വർമ്മയാണ് രാജപ്രതിനിധി. ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്‌ക്കായി ഒപ്പമുണ്ടാകും.
ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും.















