ന്യൂഡൽഹി : തമിഴ് ചിത്രം പരാശക്തിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഈ വർഷത്തെ പൊങ്കൽ ആഘോഷം കൂടുതൽ സ്പെഷ്യലാക്കി. അവർ ഡൽഹിയിലേക്ക് പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് പൊങ്കൽ ആഘോഷിച്ചത്. ചിത്രത്തിലെ പ്രധാന നടൻ ശിവകാർത്തികേയൻ, രവി മോഹൻ, ദേശീയ അവാർഡ് ജേതാവായ സംഗീതസംവിധായകൻ ജിവി പ്രകാശ് എന്നിവരുൾപ്പെടെയുള്ളവർ പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

പരാശക്തിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ നടന്‍ ശിവകാര്‍ത്തികേയന്‍ ഉൾപ്പെട്ട സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് ചർച്ചയായിട്ടുണ്ട് . ദല്‍ഹിയില്‍ കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ വെച്ചാണ് പൊങ്കല്‍ ആഘോഷം നടന്നത്.
ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്റെ കുടുംബവും നടന്‍ രവി മോഹനും അദ്ദേഹത്തിന്റെ സുഹൃത്ത് കെനീഷ ഫ്രാൻസിസും പങ്കെടുത്തു. പൊങ്കൽ ആശംസകൾ നേരുന്നതിനൊപ്പം പരാശക്തിയുമായി ഉയർന്നു വരുന്ന വിവാദങ്ങളിലും ശിവകാർത്തികേയൻ പ്രതികരിച്ചു. “എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍.പരാശക്തിയ്‌ക്ക് ലഭിക്കുന്ന പിന്തുണയ്‌ക്ക് നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. പൊങ്കല്‍ ദല്‍ഹിയിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്. നമുക്കിടയിൽ പോസിറ്റിവിറ്റി പടരട്ടെ, ഒരു വിവാദവുമില്ല. ആളുകൾ അത് മനസ്സിലാക്കുകയും ശരിയായ രീതിയിൽ എടുക്കുകയും ചെയ്യുന്നു. ഞങ്ങൾ ഉദ്ദേശിച്ചത് ജനങ്ങളിലേക്ക് എത്തുക എന്നതാണ്.
അവർ സിനിമ മുഴുവനായി കണ്ടാൽ അവർക്ക് കാര്യം മനസ്സിലാകും. എനിക്ക് പ്രത്യേകിച്ച് പ്രൊപഗാണ്ട ഒന്നുമില്ല. വിജയ്‌യുടെ രാഷ്‌ട്രീയ യാത്രയ്‌ക്ക് വ്യക്തിപരമായും സോഷ്യൽ മീഡിയയിലൂടെയും ഞാൻ ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിന്റെ സിനിമ ഉടൻ റിലീസ് ചെയ്യും”.- ശിവകാർത്തികേയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചടങ്ങിൽ പങ്കെടുത്ത സംഗീതസംവിധായകൻ ജി.വി. പ്രകാശ് മാണിക്കവാസഗർ രചിച്ച തമിഴ് ശൈവ ഭക്തിഗ്രന്ഥമായ തിരുവാശകത്തിൽ നിന്നുള്ള ഒരു ഭാഗവും ആലപിച്ചു. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ഫോട്ടോ ജിവി പ്രകാശ് പങ്കുവെച്ചു, സിനിമയ്‌ക്ക് ഒരു സുപ്രധാനവും അവിസ്മരണീയവുമായ നിമിഷം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തമിഴ് സിനിമാ ആരാധകർക്കിടയിൽ ഈ ചിത്രം പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി.
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പരാശക്തിക്കെതിരെ തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരാശക്തി നിരോധിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ചിത്രത്തില്‍ ചരിത്രപരമായ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്നും കോണ്‍ഗ്രസിനെയും തമിഴ് ഭാഷയെയും മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് ആരോപണം.















