പാലക്കാട്: നെന്മാറ വിത്തിനശേരിയിൽ പുലി കുടുങ്ങി. ഇന്ന് രാവിലെയാണ് പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. പ്രദേശത്ത് വലിയ രീതിയിൽ പുലിശല്യമുണ്ടായിരുന്നു. പുലി പട്ടിയെ പിടിക്കാൻ ശ്രമിക്കുന്ന സിസിടിവി ദ്യശ്യങ്ങൾ വയറലായിരുന്നു. പുലിയെ പോത്തുണ്ടി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. വൈദ്യ പരിശോധനയ്‌ക്കു ശേഷം വനം വകുപ്പ് തുടർ നടപടികൾ സ്വീകരിക്കും.
അതേസമയം, ധോണി ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ധോണി സെൻറ് തോമസ് നഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെ രണ്ടു കാട്ടാനകളെത്തിയത്. മായാപുരം സ്വദേശി സോളമന്റെ വീട്ടുപരിസരത്തും കാട്ടാനയെത്തി. വൈദ്യുതി വേലി തകർത്താണ് ഇവ ജനവാസ മേഖലയിലെത്തിയത്. രാത്രി വൈകിയും കാട്ടാന ഇവിടെ തന്നെ തുടർന്നു. പ്രദേശത്ത് വനംവകുപ്പും ആർആർടിയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.















