ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ചാർ ധാം തീർത്ഥയാത്രയുടെ ഭാഗമായ ഈ രണ്ട് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദു മതസ്ഥരല്ലാത്തവർക്ക് നിരോധിക്കാനാണ് തീരുമാനം.
ബദരീനാഥ്–കേദാർനാഥ് ടെംപിൾ കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങൾക്കും ഈ തീരുമാനം ബാധകമാകുമെന്ന് സമിതി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഈ വിഷയത്തിൽ ടെംപിൾ കമ്മിറ്റി ബോർഡ് പ്രമേയം പാസാക്കും.
ആറുമാസത്തെ ശൈത്യകാല അടച്ചിടലിന് ശേഷം ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 23ന് വീണ്ടും തുറക്കും. കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി മഹാശിവരാത്രി ദിനത്തിൽ പ്രഖ്യാപിക്കും. ചോട്ടാ ചാർ ധാമിൽ ഉൾപ്പെടുന്ന മറ്റ് രണ്ട് ക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി എന്നിവയുടെ നടകൾ അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19ന് തുറക്കും.
കഴിഞ്ഞ ദിവസം ഗംഗോത്രി ധാം അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റിയോഗത്തിലാണ് ഈ തീരുമാനം ഏകകണ്ഠമായി കൈക്കൊണ്ടത്. ഗംഗാ മാതാവിന്റെ ശൈത്യകാല വസതി എന്നറിയപ്പെടുന്ന മുഖ്ബയ്‌ക്കും ഇത് ബാധകമാണ്. ഇതിന് പിന്നാലെയാണ് ബദരീനാഥ്, കേദാർനാഥ് എന്നവയ്‌ക്കും സമാനമായ നിയന്ത്രണം ബാധമാക്കുന്നത്















