കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ അപ്പീൽ തള്ളി. തടികൾ വനം വകുപ്പ് കണ്ടു കെട്ടിയതിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. തടികൾ സർക്കാരിന്റേതല്ല, തങ്ങളുടേതാണെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികൾ നൽകിയ 27 കേസുകളിലെ അപ്പീലൂം വയനാട് ജില്ലാ കോടതി തള്ളി.
വനത്തിലുള്ള മരം പ്രതികൾ അനധികൃതമായി വെട്ടിയെടുത്തതിലാണ് വനം വകുപ്പ് കേസെടുത്തത്. 27 കേസുകൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.
വയനാട് ജില്ലയിലുള്ള മുട്ടിൽ വില്ലേജിലെ ലാന്റ് അസൈൻമെന്റ് പട്ടയ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് മുട്ടിൽ മരം മുറി കേസ്. 2020 – 21 വർഷത്തിലാണ് വയനാട് മുട്ടിലിൽ കോടികളുടെ അനധികൃത മരംമുറി നടന്നത്.
ലാന്റ് അസൈൻമെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ നാല് തരം മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണുള്ളത്. വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ലാന്റ് അസൈൻമെന്റ് പട്ടയത്തിന്റെ കൈവശക്കാരന് ഈ മരങ്ങളുടെ ഉടമസ്ഥത ലഭിക്കില്ല.
2020 ഒക്ടോബർ 24 ന് ഇന്നത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എ ജയതിലക് ഐ എ എസ് പുറത്തിറക്കിയ വിവാദ ഉത്തരവാണ് മുട്ടിൽ മരം മുറിയുടെ ആധാരം. ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളിൽ നിന്ന് മുറിക്കാം എന്നായിരുന്നു വിവാദഉത്തരവിൽ ഉണ്ടായിരുന്നത് . അതായത് മേൽപ്പറഞ്ഞ പ്രത്യേക മരങ്ങളുടെ പട്ടികയിൽ ചന്ദനം ഒഴികെ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകൾക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ പോലീസ് , ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കാൻ പാടില്ലെന്നും അങ്ങിനെ ആരെങ്കിലും നിന്നാൽ അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നുള്ള അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. ആ ഉത്തരവോടെ വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ഉടമസ്ഥത ലഭിക്കില്ലാത്ത ഈ വൻ മരങ്ങളൊക്കെ ഉടമസ്ഥരുടെ സ്വന്തമായി മാറി.
കേവലം മൂന്ന് മാസം മാത്രമായിരുന്നു ആ ഉത്തരവിനുണ്ടായിരുന്ന അയുസ്സ്. എന്നാൽ ആ ചുരുങ്ങിയ കാലം കൊണ്ട് വൻ തോതിൽ മരം മുറി നടന്നു. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ കോടികളുടെ വനംകൊള്ളയാണ് ഉണ്ടായത്. എന്നാൽ വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമത്തിൽ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു.1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുട്ടിൽ വില്ലേജിൽ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത് എന്നാണ് കണക്ക്.















