ന്യൂഡൽഹി: പിഎം കെയേഴ്സ് പ്രവർത്തിക്കുന്നത് സർക്കാർ ഫണ്ടിലല്ലെന്നും പൊതുജനങ്ങള്‍ സ്വമേധയാ നല്‍കുന്ന സംഭാവനയിലാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. പൊതുജനങ്ങളുടെ സംഭാവനയായതിനാൽ അത് വെളിപ്പെടുത്താനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പിഎം കെയേഴ്‌സ്, ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്.
സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലാത്തതോ, സര്‍ക്കാരിന് പ്രാഥമികമായി ഉത്തവാദിത്തമില്ലാത്തോ ആയ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കരുതെന്ന് ചട്ടങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
കൊവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനാണ് പിഎം കെയേഴ്സ് രൂപീകരിച്ചത്. പ്രകൃതിദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവര്‍ക്കാണ് ഇതുവഴി സഹായം ലഭിക്കുന്നത്.















