കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനവാസ മേഖലയിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരിയായ ബാലികയ്‌ക്ക് ദാരുണാന്ത്യം. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. താമസസ്ഥലത്ത് വീണ അവശിഷ്ടങ്ങൾ മൂലമുണ്ടായ ഗുരുതരമായ പരിക്കാണ് 11 വയസ്സുകാരിയുടെ ജീവനെടുത്തത്.
പരിക്കേറ്റ ഉടനെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തന്നെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ (CPR) ആരംഭിച്ചിരുന്നു. അൽ-അമിരി ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാരുടെ വിദഗ്ധ സംഘം അരമണിക്കൂറോളം പുനരുജ്ജീവന ശ്രമങ്ങൾ തുടർന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മേഖലയിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്.







