പാലക്കാട്: പീഡനപരാതിയിൽ പ്രതിസ്ഥാനത്തുള്ള പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നടപടി. പ്രശോഭ് സി വൽസന് ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമ്മികത കാണിക്കട്ടെയെന്നും ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.
അതിനിടെ പ്രശോഭ് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതിയിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു.പാലക്കാട് എസ്പിയെ നേരിട്ട് കണുമെന്നും അറസ്റ്റ് വൈകിയാൽ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ല എന്നും അവർ പറഞ്ഞു
പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ആരോപണം. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. പാലക്കാട് സ്വദേശിയായ ദളിത് യുവതി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.















