കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. 14 ദിവസം റിമാൻഡ് ചെയ്ത രഞ്ജിത്തിനെ ഉടൻ എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുപോകും.
യുവനടിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ പറഞ്ഞു
ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് . രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. സിനിമാ ചിത്രീകരണത്തിനിടെ രഞ്ജിത്ത് കയറിപ്പിടിച്ചു എന്നാണു പരാതി. മാനഭംഗം, ലൈംഗീകാതിക്രമം, തടഞ്ഞുവയ്‌ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ്. നേരത്തെ സമാനമായ രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു.















