മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായിട്ടും പിടികൊടുക്കാതെ മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ടാവ് വാക്കയില്‍ അക്ബര്‍ (56) ഒടുവില്‍ പോലീസ് വലയിലായി. മലപ്പുറം വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശിയായ അക്ബറിനെ ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവില്‍ അട്ടപ്പാടിയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബരപൂര്‍ണ്ണമായ ജീവിതമാണ് അക്ബര്‍ നയിച്ചിരുന്നത്. കഴിഞ്ഞ തവണ മോഷണമുതല്‍ വിറ്റുകിട്ടിയ പണവുമായി കൂട്ടുപ്രതികള്‍ക്കൊപ്പം ഇയാള്‍ നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ജയില്‍ മോചിതനായ അക്ബര്‍ അധികം വൈകാതെ തന്നെ അടുത്ത മോഷണത്തിന് പദ്ധതിയിടുകയായിരുന്നു.
ഒക്ടോബര്‍ 23-നായിരുന്നു കാളികാവ് അമ്പലക്കുന്നിലെ വള്ളിപ്പാടന്‍ ഷാജഹാന്റെ വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ വാതില്‍ കത്തിച്ച് അകത്തുകയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 47,000 രൂപയും കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ നിലമ്പൂര്‍ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം പ്രതിക്കായി വലവിരിച്ചു.
മോഷണത്തിന് ശേഷം ഫോണ്‍ ഉപയോഗിക്കാതെയും രഹസ്യ കേന്ദ്രങ്ങള്‍ മാറിയും പോലീസിനെ വെട്ടിച്ച അക്ബര്‍ അട്ടപ്പാടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. തുടര്‍ന്ന് കാളികാവ് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം പ്രദേശത്ത് നിരീക്ഷണം നടത്തിയാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.
എസ്ഐമാരായ ടി. അബ്ദുല്‍ റസാഖ്, അന്‍വര്‍ സാദത്ത്, എസ്സിപിഒ ക്ലിന്റ് ജേക്കബ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സുനില്‍ മമ്പാട്, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് തുടങ്ങിയവരടങ്ങുന്ന വലിയൊരു സംഘമാണ് ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അക്ബറിന്റെ അറസ്റ്റോടെ മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.















