ബെംഗളൂരു: നമ്മ മെട്രോയുടെ മഞ്ഞ ലൈനിലെ യാത്രാക്ലേശത്തിന് പരിഹാരമായി കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നു. ആര്‍.വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള പാതയില്‍ നിലവിലുള്ള എട്ട് ട്രെയിനുകള്‍ക്ക് പുറമെ മേയ് മാസത്തോടെ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസിനായി എത്തുമെന്ന് ബി.എം.ആര്‍.സി.എല്‍ അറിയിച്ചു. ഇതോടെ ഈ പാതയിലെ ആകെ ട്രെയിനുകളുടെ എണ്ണം പത്തായി ഉയരും.
പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ തിരക്കേറിയ സമയങ്ങളിലെ മെട്രോയുടെ ഇടവേള നിലവിലുള്ള ഒന്‍പത് മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റായി കുറയും. തിരക്കേറിയ സമയം (രാവിലെ 8-12, വൈകിട്ട് 4-9): ഓരോ 9 മിനിറ്റിലും. മറ്റ് സമയങ്ങളില്‍ ഓരോ 14 മിനിറ്റിലും ഈ രീതിയിലായിരുന്നു സമയക്രമം. എന്നാല്‍ പുതിയ മാറ്റം നിലവില്‍ വരുന്നതോടെ തിരക്കേറിയ സമയത്ത് ഓരോ 5-6 മിനിറ്റിലും മറ്റ് സമയങ്ങളില്‍ ഓരോ 10-12 മിനിറ്റിലും ട്രെയിനുകള്‍ ലഭ്യമാകും.
ബെംഗളൂരുവിലെ ആദ്യത്തെ ഡ്രൈവര്‍രഹിത മെട്രോ പാതയാണ് യെല്ലോ ലൈൻ. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡാണ് പുതിയ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരു ട്രെയിന്‍ ഈ മാസം അവസാനവും രണ്ടാമത്തേത് ഏപ്രില്‍ ആദ്യവാരവും ബെംഗളൂരുവിലെത്തും. എത്തിയ ഉടന്‍ തന്നെ സുരക്ഷാ പരിശോധനകളുടെ ഭാഗമായി 750 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തും. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ഇവ സര്‍വീസിനിറങ്ങുക.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍.വി റോഡ് – ബൊമ്മസാന്ദ്ര പാതയില്‍ (19.15 കി.മീ) നിലവില്‍ പ്രതിദിനം ഒരു ലക്ഷത്തോളം യാത്രക്കാരാണുള്ളത്. തിരക്കേറിയ സമയങ്ങളിലെ നീണ്ട കാത്തിരിപ്പിനെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. പുതിയ പത്ത് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ഈ പരാതിക്ക് വലിയ പരിഹാരമാകുമെന്ന് ബി.എം.ആര്‍.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ എം. മഹേശ്വര്‍ റാവു പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ഒരു ട്രെയിന്‍ എപ്പോഴും സ്റ്റാന്‍ഡ്ബൈ ആയി സൂക്ഷിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.















