കുടകിലെ തടിയൻറമോൾ മലയിൽ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളിൽ അസ്വാഭാവികത ആരോപിച്ച് കൂടുതൽ പേർ രംഗത്ത്. കഴിഞ്ഞ ദിവസം ശരണ്യയുടെ വാക്കുകളിൽ ശാസ്ത്രലേഖകൻ വിജയകുമാർ ബ്ലാത്തൂരും സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് സമാന സംശയം പ്രകടിപ്പിച്ച് പ്രശസ്ത പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനും രംഗത്തെത്തിയത്. കാട്ടിനുള്ളിൽ അകപ്പെട്ട ഒരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേതെന്ന് ഹസൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
മുൻപ് വഴിതെറ്റി നാലു മണിക്കൂർ പാങ്ങോട്ട് പക്ഷി സങ്കേതത്തിൽ അകപ്പെട്ടിട്ടുണ്ടെന്നും അന്നുണ്ടായ പരിഭ്രാന്തി തനിക്ക് അറിയാമെന്നും ഹസൻ ഖാൻ പറയുന്നു. കാടിന്റെ ഭാവം ഭാവം രാത്രിയാകുമ്പോൾ മാറും. എത്ര ധൈര്യമുള്ളയാൾക്കും കാട്ടിൽ ജീവിക്കാൻ പ്രയാസമാണ്. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുക. ശബ്ദം വച്ചോ വന്ന വഴി കണ്ടുപിടിച്ചോ വെളിച്ചം വീഴുന്ന സമയത്ത് എങ്ങനെയെങ്കിലും ആളുള്ള സ്ഥലത്തെത്താൻ ശ്രമിക്കും.
ആദ്യ ദിവസം കാലുവേദനയാതിനാൽ അവിടെ വിശ്രമിച്ചു എന്നാണ് പറയുന്നത്. വിശ്രമിക്കാൻ അത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്. രണ്ടാം ദിവസം ഡ്രോൺ വരുന്നുണ്ടോ എന്ന് നോക്കി നിന്നു. മൂന്നാം ദിവസം മഴ പെയ്ത് ഡ്രസ് നനഞ്ഞതിനാൽ സാധിച്ചില്ല. പറയുന്നത് തമ്മിൽ ചേർത്ത് വായിക്കാൻ സാധിക്കുന്നില്ല. കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാകരുത്. മൂന്ന് ദിവസം ഭക്ഷണം കഴിഞ്ഞതിന്റെ ക്ഷീണം ശരണ്യയിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ഇത്രയും മൃഗങ്ങൾ ഉള്ള ഇടത്ത് നാലു ദിവസം കാട്ടിൽ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാൻ അൽപം പ്രയാസവും ഉണ്ടെന്നും വിജയകുമാർ ബ്ലാത്തൂർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് അദ്ദേഹം തടിയൻറമോൾ സന്ദർശിച്ച ചിത്രം സഹിതമാണ് സംശയങ്ങളുന്നയിക്കുന്നത്.
‘ ശരണ്യ സുരക്ഷിതയായിരിക്കുന്നു. സന്തോഷ കാര്യം. ഇതാണ് തടിയന്റെമോൾ എന്ന പീക്ക് – 24 ഒക്ടോബറിൽ പോയതാണ് അവസാനം. അവിടെ വഴി തെറ്റാനുള്ള കാരണം എന്തെന്ന് ഇപ്പോഴും മനസിലായില്ല. എങ്കിലും ഇത്രയും മൃഗങ്ങൾ ഉള്ള ഇടത്ത് 4 ദിവസം കാട്ടിൽ അവർ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ് – വിശ്വസിക്കാൻ അത്പം പ്രയാസവും ഉണ്ട്. പുൽമേടിൽ എത്തിയാൽ അവരെ അന്വേഷിക്കുന്നവരെ കാണാൻ അത്ര പ്രയാസമുള്ളതല്ല . ഒരു രാത്രി കാട്ടിൽ കുടുങ്ങുന്നത് മനസിലാക്കാം – എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റർ നടന്നാൽ പുറത്ത് കടക്കാൻ പറ്റുന്ന ത്രയേ ഉള്ളു അവിടം , എന്താണ് സംഭവിച്ചത് എന്ന് ശരണ്യ പറയുന്നത് വരെ കാത്തിരിക്കാം. എന്തായാലും അവരെ കണ്ടെത്താൻ ഇത്രയും താമസിച്ചത് കർണാടകയായതിനാൽ മാത്രമാകും. അല്ലാതെ അത്ര വലിയ ഏരിയ ഒന്നും ഇല്ല അവിടെ കൊടും കാടായി – അല്ലെങ്കിൽ മൂന്നു ദിവസം കാട്ടിൽ എന്നതിൽ എന്തോ ഒരു പന്തികേട് പോലെ – ഇത്രയും ആരോഗ്യത്തിലുള്ള അവർക്ക് അവിടെ നിന്ന് വഴി കണ്ടെത്താൻ ഇത്ര ദിവസം വേണ്ട’ വിജയകുമാർ പറഞ്ഞു.















