കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ ഭീകരാന്തരീക്ഷം. കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കുണ്ടറ സ്വദേശിയായ അജോയ് അശോകനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.
രണ്ട് മാസം മുൻപ് അജോയിയുടെ സഹോദരൻ അക്ഷയ് ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരൻ മരിച്ച ദുഃഖം നിലനിൽക്കുന്നതിനാൽ ഇത്തവണ ക്ഷേത്രത്തിൽ ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഉത്സവം മാറ്റിവയ്‌ക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്.
“നിന്നെ കൊല്ലും ഞാൻ, നീ അവനെ വിളിയടാ” എന്ന് ആക്രോശിച്ചുകൊണ്ടാണ് അജോയ് വടിവാളുമായി ക്ഷേത്രത്തിനുള്ളിലേക്ക് പാഞ്ഞുകയറിയത്. ദർശനത്തിനായി എത്തിയ ഭക്തരെ ഇയാൾ ഭീഷണിപ്പെടുത്തുകയും അക്രമിക്കാൻ മുതിരുകയും ചെയ്തു. തടയാൻ ശ്രമിച്ച മൂന്ന് പേർക്കാണ് പരിക്കേറ്റത്. കൂടാതെ ക്ഷേത്ര കമ്മിറ്റി ഓഫീസും അവിടെയുണ്ടായിരുന്ന മൈക്ക് സെറ്റും അക്രമി സംഘം അടിച്ചുതകർത്തു.
അക്രമത്തിന് ശേഷം അജോയിയും കൂടെയുണ്ടായിരുന്ന രണ്ട് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് കുണ്ടറ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.















