വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് സൈന്യത്തിലെ നിർണായക രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം. യുഎസ് സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫിൽ പ്രവർത്തിക്കുന്ന 50ഓളം ഉദ്യോഗസ്ഥരിലും ജീവനക്കാരിലും പോളിഗ്രാഫ് പരിശോധന നടത്തിയതായി റിപ്പോർട്ട്.
ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസ് സൈന്യത്തിന് ആയുധക്ഷാമം നേരിട്ടതായി മാദ്ധ്യമവാർത്തകളുണ്ടായിരുന്നു. ദീർഘദൂര മിസൈലുകൾ, പാട്രിയറ്റ് മിസൈൽ ഇന്റർസെപ്റ്ററുകൾ ഉൾപ്പെടെയുള്ള നിർണായക ആയുധങ്ങളുടെ ശേഖരം കുറഞ്ഞതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മാധ്യമങ്ങളിൽ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.
മാധ്യമപ്രവർത്തകർക്ക് രഹസ്യവിവരങ്ങൾ കൈമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ സൈനിക ഉദ്യോഗസ്ഥരെയും സിവിലിയൻ ജീവനക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഓഗസ്റ്റിലാണ് പോളിഗ്രാഫ് പരിശോധനകൾ നടന്നതെന്നാണ് റിപ്പോർട്ട്. ജോയിന്റ് സ്റ്റാഫിൽ ഏകദേശം 1,500 മുതൽ 2,000 വരെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് പ്രവർത്തിക്കുന്നത്.
രഹസ്യവിവരങ്ങൾ ചോർന്നെന്ന ആരോപണത്തെ പ്രതിരോധ വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ വ്യക്തമാക്കി. ബന്ധപ്പെട്ട വിഷയങ്ങളിലോ അന്വേഷണ നടപടികളിലോ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യവിവരങ്ങളുടെ സംരക്ഷണം നിർണായകമാണെന്നും പെന്റഗൺ വ്യക്തമാക്കി.















