തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഇതുവരെ ലഭിച്ച 10 മൃതദേഹങ്ങളിൽ ഒൻപതും തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, നാലു പേരെ കാണാലില്ലെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ഡിഎൻഎ സാമ്പിൾ എടുക്കാൻ കഴിയുന്ന 33 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
ചികിത്സയിലുള്ള 10 പേരിൽ 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് നടത്തിപ്പ്കാരൻ സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നത്. പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൂടുൽ ഡോക്‌ടർമാർ എത്തിയിട്ടുണ്ട്.
അതേസമയം, പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്‌ക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലെ പടക്കനിർമാണശാലയുടെ ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണു കേസ് എടുത്തിരിക്കുന്നത്. ലൈസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂർ തഹസിൽദാർ , ചിറ്റൂർ ഡിവൈഎസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവിൽ പടക്കനിർമാണശാല പോലീസ് സീൽ ചെയ്തിട്ടുണ്ട്.
പൂരനടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കാനുള്ള യോഗവും ഇന്ന് ചേരും. തൃശൂർ കലക്ടറേറ്റിലെ യോഗത്തിൽ മന്ത്രിമാരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കും.















