ഗുവാഹത്തി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മയ്‌ക്കെതിരെ വ്യാജ പാസ്പോര്‍ട്ട് ആരോപണം ഉന്നയിച്ച കേസില്‍ എ.ഐ.സി.സി വക്താവ് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി നിരസിച്ചു. രാഷ്‌ട്രീയ നേട്ടത്തിനായി നിരപരാധിയായ ഒരു സ്ത്രീയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഖേരയുടെ നടപടിയെ ജസ്റ്റിസ് പാര്‍ത്ഥിവ്ജ്യോതി സൈക രൂക്ഷമായി വിമര്‍ശിച്ചു.
പവന്‍ ഖേര ഹാജരാക്കിയ രേഖകള്‍ കൃത്രിമമാണെന്ന് ആസാം പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരം വ്യാജരേഖകള്‍ യഥാര്‍ത്ഥമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 339 പ്രകാരം ഗുരുതരമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ഖേരയെ സഹായിച്ച കൂട്ടാളികളെ കണ്ടെത്താന്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രി രാഷ്‌ട്രീയത്തിലാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ രാഷ്‌ട്രീയ പ്രവര്‍ത്തകയല്ലെന്നും അവരെ ലക്ഷ്യം വയ്‌ക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രില്‍ 5-ന് ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പവന്‍ ഖേര വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. റിനികി ഭൂയാന് ഈജിപ്ത്, യു.എ.ഇ, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അമേരിക്കയില്‍ 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയെന്നുമായിരുന്നു ഖേരയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒരൊറ്റ രേഖ പോലും സമര്‍പ്പിക്കാന്‍ ഖേരയ്‌ക്ക് സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം റിനികി ഭൂയാന്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഖേരയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് സൂചന.















