ന്യൂഡല്‍ഹി: ദേശീയ വോളിബോള്‍ ടീം സെലക്ഷന്‍ വീണ്ടും. ഇന്ത്യന്‍ വോളിബോളിനെ ഉലച്ച ഭരണപരമായ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ടീം തിരഞ്ഞെടുപ്പിനായി പുതിയ നീക്കം നടക്കുന്നത്. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം അന്താരാഷ്‌ട്ര ഫെഡറേഷന്‍ റദ്ദാക്കിയതോടെ, കായികരംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് പുതിയ കമ്മിറ്റിയുടെ ഇടപെടല്‍. ഏപ്രില്‍ 29 മുതല്‍ ഗുജറാത്തില്‍ വെച്ചാണ് സെലക്ഷന്‍ ട്രയല്‍സ് ആരംഭിക്കുന്നത്.
ദേശീയ ക്യാമ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന വ്യാപകമായ പരാതികളും വിവാദങ്ങളുമാണ് പഴയ നടപടികള്‍ റദ്ദാക്കാന്‍ കാരണമായത്. മുന്‍ മലയാളി താരം ടോം ജോസഫ്, വിദേശ പരിശീലകന്‍ ഡ്രാഗന്‍ മിഹൈലോവിച്ച് എന്നിവരുള്‍പ്പെടുന്ന ഏഴംഗ വിദഗ്ധ സമിതിയെയാണ് സെലക്ഷന്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വി.എഫ്.ഐയുടെ അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തില്‍, നിലവില്‍ ഭരണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഈ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. അര്‍ഹരായ താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ പുനഃക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
വോളിബോള്‍ ഫെഡറേഷനിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ താരങ്ങളുടെ കരിയറിനെ ബാധിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലകരെയും മുന്‍ താരങ്ങളെയും ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിച്ചത്.















