ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി അടുത്തയാഴ്ച മൂന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ജൂലൈ 1 മുതല്‍ 3 വരെ സന്ദര്‍ശനം. 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് തകായിച്ചി ന്യൂഡല്‍ഹിയിലെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കും. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുനേതാക്കളും വിലയിരുത്തും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്.
സാമ്പത്തിക വളര്‍ച്ച, ഇന്‍ഡോ-പസഫിക് മേഖലയിലെ സഹകരണം, സുരക്ഷാ വിഷയങ്ങള്‍, നിക്ഷേപം, ഹൈടെക് വികസനം എന്നിവയില്‍ ഇരു രാജ്യങ്ങളും അടുത്ത സഹകരണമാണ് തുടരുന്നത്. വരാനിരിക്കുന്ന വാര്‍ഷിക ഉച്ചകോടി ഈ ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതോടൊപ്പം, നിരവധി സുപ്രധാന മേഖലകളില്‍ പുതിയ ധാരണകള്‍ക്കും വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര വൃത്തങ്ങള്‍.















