കെപിസിസി പ്രസിഡന്റിന്റെ പേരില്‍ എഐസിസിക്ക് കത്ത്; കെ സുധാകരന്റെ സഹോദരിയുടെ മകൻ അജിത്തിനെ ചോദ്യം ചെയ്ത് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണുര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ കത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു . കെ സുധാകരന്റെ സഹോദരിയുടെ മകൻ അജിത്തിനെയാണ് സൈബര്‍ പൊലീസ് ചോദ്യം ചെയ്തത്. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

തെരഞ്ഞെടുപ്പ് സമയത്താണ് സണ്ണി ജോസഫിന്റെ പേരില്‍ കത്ത് ഇറങ്ങിയത്. കണ്ണൂരില്‍ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസിക്ക് അയച്ചതായിട്ടായിരുന്നു പുറത്തുവന്ന കത്ത്.ഇത് വ്യാജമാണെന്ന് പരത്തി വന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസ് രണ്ടുപേരെ പ്രതികളാക്കി കേസ് എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

എന്നാല്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് അജിത്ത്കുമാറിന്റെ പ്രതികരണം. കെ സുധാകരനെതിരെ എഐസിസിക്ക് താന്‍ നല്‍കിയെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെട്ട കത്ത് താന്‍ തയാറാക്കിയതാണെന്നു തെളിഞ്ഞാല്‍ രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

Share