കൊച്ചി: രാജ്യത്തെ ഞെട്ടിച്ച വന്‍കിട സൈബര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ പിടികൂടി കേരള പോലീസ്. ഹൈദരാബാദ് സ്വദേശിയായ സത്യനാരായണമൂര്‍ത്തി, ഇയാളുടെ സഹായി ടൈസണ്‍ രാജു എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. കൊച്ചി സ്വദേശിയില്‍ നിന്ന് 25 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അന്താരാഷ്‌ട്ര ബന്ധമുള്ള വലിയൊരു ക്രിമിനല്‍ ശൃംഖലയെയാണ് പോലീസ് ഇതോടെ തകര്‍ക്കുന്നത്.
കടവന്ത്ര കുമാരനാശാന്‍ നഗര്‍ സ്വദേശിയായ ഇ. നിമേഷിന്റെ 25 കോടിയാണ് തട്ടിയെടുത്തത്. www.capitalix.com](https://www.capitalix.com എന്ന വ്യാജ വെബ്‌സൈറ്റ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വന്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ചു. 90 തവണകളായി 25 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിമേഷ് പണം കൈമാറിയത്. ആകെ 24.76 കോടി രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്.
കേസുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു. തട്ടിയെടുത്ത പണം കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്ന മാഫിയയിലെ പ്രധാനികളാണ് ഇപ്പോള്‍ പിടിയിലായ സത്യനാരായണമൂര്‍ത്തിയും സഹായിയും. പ്രതികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിരുന്നു.
‘തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടന്‍ നടത്തിയ നീക്കത്തിലൂടെ അക്കൗണ്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ മരവിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു. കൂടാതെ പ്രതികളില്‍ നിന്ന് മൂന്നര ലക്ഷം രൂപയും പിടിച്ചെടുത്തു.’ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണിതെന്ന് പോലീസ് വിലയിരുത്തുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ട്.
പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. വന്‍കിട മാഫിയകള്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഴി ആളുകളെ കെണിയില്‍ വീഴ്‌ത്തുന്നത് പതിവാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.















