ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷിക വേളയിൽ ഇന്ത്യൻ സായുധ സേനയുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരപരാധികളെ കൊന്നവർക്ക് ഇന്ത്യ എക്കാലവും ഓർമിക്കാൻ തക്കതായ മറുപടി നൽകിയെന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ ഓപ്പറേഷൻ പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
” ഒരു വർഷം മുമ്പ്, നമ്മുടെ സായുധ സേനകൾ സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് അവർ ഉചിതമായ മറുപടി നൽകി. രാജ്യം മുഴുവൻ നമ്മുടെ സൈന്യത്തിന്റെ ധീരതയെ അഭിവാദ്യം ചെയ്യുന്നു. ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാടും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ സായുധ സേനയുടെ പ്രൊഫഷണലിസം, ഐക്യം എന്നിവയും ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രകടമായി. പ്രതിരോധ മേഖലയിൽ ഇന്ത്യ കൈവരിച്ച സ്വാശ്രയത്വം, ദേശീയ സുരക്ഷയ്‌ക്ക് ഇതേകിയ ശക്തി എന്നിവ ഇത് അടിവരയിടുന്നു. രാജ്യം എന്നും ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.















