റായ്പൂർ: ഛത്തീസ്ഗഢിലെ ജാഞ്ച്ഗിർ-ചാമ്പ ജില്ലയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് 15 വയസ്സുകാരനായ അഖിലേഷ് ധീവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ധീവർ (4), പിന്റു ധീവർ (12), ഹിതേഷ് ധീവർ (13) എന്നിവരാണ് ചികിത്സയിലുള്ളത്. ഗുർകോട്ട് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് ഇവർ വീട്ടിലുണ്ടായിരുന്ന തണ്ണിമത്തൻ കഴിച്ചത്. ഇതിന് പിന്നാലെ അഖിലേഷിന് ഛർദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. വൈകാതെ മറ്റ് മൂന്ന് കുട്ടികൾക്കും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നില വഷളായതോടെ കുട്ടികളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലേഷിനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ മണിക്കൂറുകൾക്ക് ശേഷം കഴിച്ചതാണ് വിഷബാധയ്‌ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മുറിച്ചുവെച്ച പഴങ്ങളിൽ ബാക്ടീരിയ ബാധയുണ്ടായതാകാം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് ജില്ലാ സിവിൽ സർജൻ ഡോ. എസ്. കുജൂർ പറഞ്ഞു. നിലവിൽ മറ്റ് മൂന്ന് കുട്ടികളും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
വീട്ടിൽ ബാക്കിയുണ്ടായിരുന്ന തണ്ണിമത്തൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ലാബ് പരിശോധനയ്‌ക്ക് നൽകി. ഫോറൻസിക് റിപ്പോർട്ടും ലാബ് ഫലങ്ങളും വന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.















