തൃശ്ശൂര്‍: സാംസ്‌കാരിക നഗരിയുടെ ഹൃദയഭാഗത്തെ മണിക്കൂറുകളോളം മുള്‍മുനയിലാഴ്‌ത്തി ടൗണ്‍ ഹാള്‍ പരിസരത്ത് ആന പരിഭ്രാന്തി പരത്തി. ‘ശിവലക്ഷ്മി അയ്യപ്പന്‍’ എന്ന ആനയാണ് പാപ്പാന്‍മാരുടെ നിയന്ത്രണം ലംഘിച്ച് നഗരത്തിലൂടെ ഓടിയത്. വഴിയിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തല്ലിത്തകര്‍ത്തു.
ഇതിനിടെ ആന ഇടഞ്ഞതിന്റെ ചിത്രങ്ങള്‍ പകര്‍ക്കാന്‍ കയറിയ മാധ്യമപ്രര്‍ത്തകര്‍ക്ക് നേരെ പാപ്പാന്‍മാരുടെ മര്‍ദ്ദനം. ആനയുടെ ചിത്രം എടുക്കാന്‍ കയറി ഫോട്ടോ ഗ്രാഫേഴ്‌സിനെയാണ് മര്‍ദ്ദിച്ചത്. ക്യമാറ നിര്‍ബന്ധിച്ച് വാങ്ങി താഴെയിട്ട് പൊട്ടിക്കാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ജനം ടിവി റിപ്പോര്‍ട്ടറിനെയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.
ഒരു നായയെ കണ്ട് ഭയന്നതാണ് ആന പെട്ടെന്ന് അക്രമാസക്തമാകാനും ഓടാനും കാരണമായതെന്നാണ് പ്രാഥമിക വിവരം. ടൗണ്‍ ഹാളില്‍ നിന്ന് തുടങ്ങിയ പാച്ചില്‍ ഇപ്പോള്‍ ചെമ്പൂക്കാവ് മേഖലയിലേക്കാണ് നീങ്ങുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പുറമെ, ആന കടന്നുപോയ വഴിയിലെ ചില വീടുകളുടെ മുന്‍വശത്തെ ഗേറ്റുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ആനയെ നിയന്ത്രണത്തിലാക്കാന്‍ എലഫന്റ് സ്‌ക്വാഡും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചു കഴിഞ്ഞു. എന്നാല്‍ ജനത്തിരക്കേറിയ മേഖലയായതിനാല്‍ നിലവില്‍ ആനയെ തളയ്‌ക്കുക എന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്.
എന്തിനാണ് ലോക്ക്ഡൗണ്‍ ഇല്ലാത്ത സാധാരണ ദിവസമായിട്ടുകൂടി ഈ സമയത്ത് ആനയെ ടൗണ്‍ ഹാള്‍ പരിസരത്തേക്ക് കൊണ്ടുവന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.















