മലപ്പുറം: എക്സ് മുസ്ലിം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ പങ്കെടുക്കാനിരുന്ന ‘കോയ കോളിംഗ്’ പരിപാടിയുടെ ഒന്നാം വാർഷികാഘോഷം മതമൗലികവാദികളുടെ കടുത്ത ഭീഷണിയെ തുടർന്ന് മാറ്റിവച്ചു. തിരൂർ സി.വി. ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയാണ് അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത്. വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനായി സംഘടിപ്പിച്ച ഈ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി വിദഗ്‌ദ്ധരും പൊതുജനങ്ങളും മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ ഇസ്ലാമിസ്റ്റുകളും മതമൗലികവാദികളും കൂടുതൽ ശക്തിയാർജ്ജിക്കുന്നതിന്റെ തെളിവാണ് ഇത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ സംഘാടകർക്കും ഡോ. ആരിഫ് ഹുസൈനും നേരെ വ്യാപകമായ ഭീഷണികളാണ് ഉയർന്നിരുന്നത്. ആരിഫ് ഹുസൈൻ തിരൂരിലേക്ക് എത്തിയാൽ കാല് വെട്ടിക്കളയുമെന്നും, കല്ലേറുണ്ടാകുമെന്നതിനാൽ തലയിൽ ഹെൽമെറ്റ് വെച്ച് വേണം വരാൻ എന്നും ജിഹാദി ഗ്രൂപ്പുകൾ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ഇതിനുപുറമെ പരിപാടി നടത്താനിരുന്ന ഓഡിറ്റോറിയം ഉടമയ്‌ക്കും കടുത്ത ഭീഷണി നേരിടേണ്ടി വന്നതോടെ, അദ്ദേഹം പരിപാടി മാറ്റിവെക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ സുരക്ഷ ആവശ്യപ്പെട്ട് സംഘാടകർ പോലീസിനെ സമീപിച്ചെങ്കിലും അനുകൂലമായ നിലപാടല്ല ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ സമാധാന അന്തരീക്ഷം തകരാൻ സാധ്യതയുണ്ടെന്നും അത് തടയാൻ പോലീസിന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി പരിപാടി നടത്തരുതെന്നാണ് പോലീസ് സംഘാടകർക്ക് നിർദ്ദേശം നൽകിയത്. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദ സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി പോലീസ് പിന്മാറിയതോടെ മലപ്പുറത്തും കേരളത്തിലുടനീളവും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരൂരിൽ മുടങ്ങിയ ഈ പരിപാടി ജൂലൈ അവസാന വാരത്തിൽ കോഴിക്കോട് വെച്ച് നടത്താനാണ് നിലവിൽ സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.















