ബെംഗളൂരു : ഡി കെ ശിവകുമാർ ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. വൈകിട്ട് 4 05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഡി കെ ശിവകുമാറിനൊപ്പം മലയാളികളയായ യു ടി ഖാദർ, കെ ജെ ജോർജ് എന്നിവരടക്കം 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും എന്നാണ് റിപ്പോർട്ട്. ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.കഴിഞ്ഞ ദിവസം കർണാടകയിൽ നിയമസഭാ കക്ഷി നേതാവായി ഡി കെ ശിവകുമാറിനെ തിരഞ്ഞെടുത്തിരുന്നു.
എം ബി പാട്ടീൽ, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാർക്കഹോളി, കെ എച്ച് മുനിയപ്പ, പ്രിയങ്ക് ഖാർഗെ, ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് മന്ത്രിമാർ.
കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർക്ക് പുറമെ കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
അടുത്ത മന്ത്രിസഭാ വികസനം ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഉണ്ടാകുക.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കിയിട്ടുണ്ട്.















