നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹിലിയ പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചതിനെതിരെ തിരുത്തുമായി രംഗത്തെത്തി സമസ്ത. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ഒരു സ്വകാര്യ ചടങ്ങിൽ എം.എൽ.എ നിലവിളക്ക് കൊളുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്, ഇത് അനിസ്ലാമിക ആചാരമാണെന്നും വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാണിച്ച് സമസ്ത മുശാവറ യോഗം പ്രസ്താവനയിറക്കിയത്.

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ നിലവിളക്ക് കൊളുത്തലിനെ കേവലം ഒരു മതപരമായ ആചാരമായി മാത്രം കാണുന്ന സമസ്തയുടെ ഇടുങ്ങിയ ചിന്താഗതിയാണ് വെളിപ്പെടുത്തുന്നത്. ഔദ്യോഗികവും സാംസ്കാരികവുമായ ചടങ്ങുകളിൽ ഇരുട്ടിനെ അകറ്റി വെളിച്ചം പരത്തുക എന്ന പൊതുസന്ദേശത്തോടെയാണ് വിളക്ക് തെളിയിക്കുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളാനും അവരുടെ ചടങ്ങുകളിൽ പങ്കാളിയാകാനും ബാധ്യസ്ഥയായ ഫാത്തിമ തഹിലിയയെ, ഇത്തരം സങ്കുചിത മതനിയമങ്ങളുടെ പേരിൽ വിലക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണെന്നും ചൂണ്ടിക്കാണിക്കുന്നു.

മുൻപ് ഫാത്തിമ തഹിലിയ പേരാമ്പ്രയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയ സമയത്തും, സ്ത്രീകൾ ഇത്തരത്തിൽ മത്സരരംഗത്തേക്ക് വരുന്നതിനെ വിമർശിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. മുൻ മുസ്ലിം ലീഗ് മന്ത്രിയായിരുന്ന അന്തരിച്ച ചെർക്കുളം അബ്ദുള്ള നിലവിളക്ക് കൊളുത്തിയ സമയത്തും സമസ്ത സമാനമായ രീതിയിൽ വിലക്കുകളുമായി രംഗത്തെത്തിയിരുന്നു.

Share