ഹൈദരബാദ്: അന്തമാൻ നിക്കോബാർ ദ്വീപിനോട് ചേർന്നുളള സമുദ്രതീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി. രാജ്യത്തിന്റെ സമുദ്രാനന്തര പര്യവേഷണ പദ്ധതിയായ സമുദ്രമന്തൻ ദൗത്യത്തിലാണ് നിർണ്ണായക നേട്ടം കൈവരിച്ചത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദ്വീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിനറെ ‘ശ്രീ വിജയപുരം- 3’ എന്ന പര്യവേഷണ കിണറിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്നും 15 കിമി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലിന്റെ 355 മീറ്റർ അടിത്തട്ടിൽ നിന്നും ഭൂമിക്കടിയിലേക്ക് 1900 മീറ്ററിലധികം കുഴിച്ചപ്പോഴാണ് വാതക സാന്നിധ്യം ലഭ്യമായത്. വാതകത്തിന്റെ ഉത്ഭവവും ഘടനയും കലോറഫിക് മൂല്യവും വിലയിരുത്താൻ ഐസോടോപ്പിക്ക് പഠനം നടത്തും. ഇതിനായി ഉടൻ വാതക സാംപിൾ ശേഖരിക്കും.
2025 ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി സമുദ്ര മന്തൻ മിഷൻ (ദേശീയ ആഴക്കടൽ ജല പര്യവേക്ഷണ ദൗത്യം) പ്രഖ്യാപിച്ചത്. അന്തമാൻ ഭാഗത്ത് ഓയിൽ ഇന്ത്യ പര്യവേഷണത്തിനായി മൂന്ന് കിണറുകളാണ് കുഴിച്ചത്. ഇതിൽ ഒരെണ്ണത്തിൽ ഹൈഡ്രോ കാർബൺ സാന്നിധ്യവും കണ്ടെത്തിയിരുന്നു. മൂന്ന് പര്യവേക്ഷണ കിണറുകളിൽ രണ്ടെണ്ണത്തിൽ വാതകം കണ്ടെത്തിയതോടെ, ആൻഡമാൻ തീരം ഭാവിയിലെ എണ്ണ, വാതക പര്യവേക്ഷണത്തിനുളള ഏറ്റവും വലിയ സാധ്യതയായി മാറും.















