മമതയ്‌ക്ക് കടുത്ത തിരിച്ചടി; വിശ്വസ്തന്‍ സുദിപ് ബന്ദോപാധ്യായ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി, തൃണമൂലില്‍ വന്‍ പിളര്‍പ്പ്

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായിയും ലോക്‌സഭയിലെ മുതിര്‍ന്ന ടിഎംസി നേതാവുമായ സുദിപ് ബന്ദോപാധ്യായ വിമത ചേരിയിലേക്ക് മാറിയതായാണ് പുതിയ വിവരം. ബംഗാള്‍ രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നീക്കം.

മമത ബാനര്‍ജിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശതാബ്ദി റോയിക്കൊപ്പമാണ് സുദിപ് ബന്ദോപാധ്യായ ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഭൂപേന്ദര്‍ യാദവിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ നിര്‍ണ്ണായക ചര്‍ച്ചകളില്‍ പങ്കാളിയായതായാണ് സൂചന.

മമത ബാനര്‍ജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സ്പീക്കറുടെ അനുമതി തേടിയ 19 വിമത എംപിമാരുടെ ആദ്യ പട്ടികയില്‍ സുദിപ് ബന്ദോപാധ്യായ ഒപ്പുവെച്ചിരുന്നില്ല. എന്നാല്‍, രാഷ്‌ട്രീയ കേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ അദ്ദേഹം വിമതര്‍ക്കൊപ്പം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. തൃണമൂലിലെ അതിശക്തനായ സുദിപ് ബന്ദോപാധ്യായയുടെ വരവോടെ ലോക്‌സഭയില്‍ മമത ബാനര്‍ജിയെ വെല്ലുവിളിക്കുന്ന വിമത എംപിമാരുടെ എണ്ണം 20 ആയി ഉയര്‍ന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ജനപ്രതിനിധികളും നേതാക്കളും മമതാ ക്യാമ്പ് വിട്ട് പുറത്തുവരുമെന്ന സൂചനയാണ് വിമതപക്ഷം നല്‍കുന്നത്.

Share