ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കനത്ത വിവാദത്തിന് തിരികൊളുത്തുന്നു. കർണാടകയിൽ വെച്ച് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്നാൽ വീഡിയോ വിവാദമായതോടെ ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പരമാവധി നീക്കം ചെയ്യാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാർട്ടിയും അനുകൂലികളും.
കഴിഞ്ഞയാഴ്ച കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയ് ദർശനം നടത്തിയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ വിജയ് തന്നെയാണ് വാഹനം ഓടിച്ചത്. ഈ സമയം കാറിലുണ്ടായിരുന്ന ആരോ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ‘ദളപതിയുടെ സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ ആരാധകർ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
വാഹനമോടിക്കുമ്പോൾ വിജയ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.കാറിനുള്ളിൽ വിജയ്‌യുടെ സീറ്റിന് സമീപം ഇരുന്ന പ്ലാസ്റ്റിക് ടംബ്ലറും പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്ന രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്.ഇതാണ് വിവാദത്തിന് കാരണമായത്.
വീഡിയോ പുറത്തുവന്ന് നിയമലംഘനം ചർച്ചയായതോടെ, പാർട്ടി അണികൾ ആരും തന്നെ ഈ വീഡിയോ ഇനി പങ്കുവെക്കരുതെന്ന് നേതൃത്വത്തിൽ നിന്ന് കർശന നിർദേശം നൽകിയതായാണ് വിവരം. ഇതിന് പിന്നാലെ വിജയ്‌യുടെ വീഡിയോ പങ്കുവെച്ച പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഇത് നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.
മാത്രമല്ല, ഈ വീഡിയോ പോസ്റ്റ് ചെയ്ത പ്രതിപക്ഷ കക്ഷികളുടെയും വിമർശകരുടെയും അക്കൗണ്ടുകൾ പൂട്ടിക്കാനും നീക്കങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്. ഒരു സ്വകാര്യ പരസ്യ ഏജൻസി വഴി വീഡിയോയുടെ പകർപ്പവകാശം (Copyright) ഉന്നയിച്ചാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് പരാതി നൽകുന്നത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ പോസ്റ്റുകൾ വ്യാപകമായി നീക്കം ചെയ്യപ്പെടുകയാണ്.
അതേസമയം, ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദവി ലക്ഷ്യം വെക്കുന്ന ഒരാൾ പരസ്യമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്തപ്പോൾ അതിനെ ഭയക്കുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. “കാറിനുള്ളിൽ നിന്ന് ഈ വീഡിയോ പകർത്തിയതും പുറത്തുവിട്ടതും ആരാണ്? ഇതിൽ അത്രയധികം ഒളിച്ചുവെക്കാൻ മാത്രമെന്താണുള്ളത്?” എന്നും പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നു.