ജി7 വേദിയിൽ വീണ്ടും മോദി-ട്രംപ് കൂടിക്കാഴ്ച; ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ നിർണായക ചർച്ചകൾ

വ്യാപാരം, ഊർജസുരക്ഷ, തന്ത്രപ്രധാന സഹകരണം; ആഗോള വേദിയിൽ ഇന്ത്യയുടെ സ്വാധീനം ഉയർത്തി പ്രധാനമന്ത്രി മോദി

Published by
ജനം വെബ്‌ഡെസ്ക്

പാരീസ്: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. കഴിഞ്ഞ 16 മാസത്തിനിടയിലെ ഇരുവരുടെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. ഇന്ത്യ-അമേരിക്ക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ഈ കൂടിക്കാഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

വ്യാപാര കരാർ, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം, ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാനമായും ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാല ഊർജ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാര സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.

ജി7 ഉച്ചകോടിയിൽ ലോകനേതാക്കളുമായി തുടർച്ചയായ കൂടിക്കാഴ്ചകൾ നടത്തി ഇന്ത്യയുടെ നയതന്ത്ര ശക്തി വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി. ബ്രിട്ടൻ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപുമായുള്ള കൂടിക്കാഴ്ച. ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ ശക്തമായി അവതരിപ്പിച്ച മോദി, പരസ്പര വിശ്വാസവും സുരക്ഷിതമായ സമുദ്ര ഗതാഗതവും ഇന്നത്തെ ലോകത്തിന് അനിവാര്യമാണെന്ന് ജി7 വേദിയിൽ വ്യക്തമാക്കിയിരുന്നു.

ലോക രാഷ്‌ട്രീയത്തിലും സാമ്പത്തിക രംഗത്തും ഇന്ത്യയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവായാണ് ജി7 ഉച്ചകോടിയിലെ ഈ ഉന്നതതല നയതന്ത്ര ഇടപെടലുകളെ നിരീക്ഷകർ വിലയിരുത്തുന്നത്. മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ ദിശ നൽകുമെന്നും പ്രതീക്ഷ ഉയരുന്നുണ്ട്.

Share