കൊൽക്കത്ത: രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. വിമത ടിഎംസി നേതാവ് ഋതബ്രത ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ കൊൽക്കത്ത ഹൈക്കോടതി വിസമ്മതിച്ചു.
ടിഎംസി നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനപ്രകാരം സോവന്ദേബ് ചട്ടോപാധ്യായിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. എന്നാൽ നിയമസഭയിലെ വിമത എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
കേസിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, എല്ലാ കക്ഷികളോടും സത്യവാങ്മൂലങ്ങൾ സമർപ്പിക്കാൻ നിർദേശിച്ച കോടതി, മൂന്ന് ആഴ്ചയ്‌ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
ബംഗാൾ രാഷ്‌ട്രീയത്തിൽ തൃണമൂലിനെ ഞെട്ടിച്ച വിമത നീക്കത്തിന്റെ വിജയം കൂടിയാണ് കോടതിയുടെ നടപടി. ഇതോടെ കേസിൽ അന്തിമ വിധി വരും വരെ ഋതബ്രത ബാനർജി നിയമസഭ പ്രതിപക്ഷ നേതാവായി തുടരും. പശ്ചിമ ബംഗാളിൽ ടിഎംസിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഈ തീരുമാനം രാഷ്‌ട്രീയപരമായും വലിയ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു.