മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്‌ക്ക് (യുബിടി) കനത്ത പ്രഹരം. പാർട്ടിയിലെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളിൽ ആകൃഷ്ടരായി ഇവർ ഭരണപക്ഷമായ എൻഡിഎ (NDA) സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചനകൾ. വിമത ഗ്രൂപ്പായി പിരിഞ്ഞ ആറ് എംപിമാരും ബുധനാഴ്ച ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നേരിട്ട് കണ്ട് കത്ത് സമർപ്പിച്ചു. ലോക്‌സഭയിൽ തങ്ങളുടെ ഗ്രൂപ്പിന് പ്രത്യേക ബ്ലോക്കായി സ്പീക്കർ അംഗീകാരം നൽകിയതായും എംപിമാർ അവകാശപ്പെടുന്നു. ഈ ജനപ്രതിനിധികൾ ഉടൻ തന്നെ മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ നയിക്കുന്ന ഔദ്യോഗിക ശിവസേനയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്‌സഭയിൽ ശിവസേന യുബിടിക്ക് ആകെ ഒമ്പത് എംപിമാരാണുള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ഭൂരിപക്ഷം എംപിമാരും ഉദ്ധവ് താക്കറെയുടെ അവസരവാദ രാഷ്‌ട്രീയത്തോട് വിടപറഞ്ഞ് പുതിയ ഗ്രൂപ്പിൽ ചേരുകയായിരുന്നു. ശക്തമായ കേന്ദ്ര ഭരണവും എൻഡിഎ സഖ്യത്തിന്റെ ജനപ്രീതിയും മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നിരയെ എത്രത്തോളം ദുർബലമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ കൂട്ടപ്പൊരിച്ചിൽ.
പാർട്ടി പാടെ തകരുന്ന അവസ്ഥയിലായതോടെ വിമത എംപിമാരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് യുബിടി നേതൃത്വം. വ്യാഴാഴ്ച രാവിലെ 11-ന് ഡൽഹിയിൽ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിച്ച് പാർട്ടിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പ് അനിൽ ദേശായി എംപിമാർക്ക് അടിയന്തര വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എംപിമാരെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരിട്ട് ഡൽഹിയിലെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, വിമത എംപിമാർ രൂപീകരിച്ച ഒരു ഗ്രൂപ്പിനും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത് എന്നിവരടങ്ങുന്ന യുബിടി സംഘം സ്പീക്കറെ കണ്ട് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി തന്നെ പാർലമെന്ററി പാർട്ടി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കർക്ക് മുൻകൂർ കത്ത് നൽകിയിരുന്നെങ്കിലും, താക്കറെ ക്യാമ്പിന്റെ എല്ലാ പ്രതിരോധങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് ആറ് എംപിമാരും വികസനത്തിന്റെ പാതയിലേക്ക് ചുവടുവെച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്കുള്ള അംഗീകാരമായി മഹാരാഷ്‌ട്രയിലെ ഈ രാഷ്‌ട്രീയ നീക്കത്തെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ ഉദ്ധവ് ക്യാമ്പിൽ നിന്ന് കൂടുതൽ നേതാക്കൾ എൻഡിഎ സഖ്യത്തിലേക്ക് ഒഴുകുമെന്നാണ് സൂചനകൾ.














