തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാന്‍ കൃത്രിമ ബുദ്ധി (എഐ) അധിഷ്ഠിത തീര്‍ഥാടക മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വരുന്ന മണ്ഡല-മകരവിളക്ക് സീസണ്‍ മുതല്‍ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. ‘വിഷന്‍ ശബരിമല’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സാങ്കേതിക സംവിധാനം നടപ്പാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചു. കേരള ഹൈക്കോടതി അംഗീകരിച്ച വിഷന്‍ ശബരിമല പദ്ധതിയുടെ തുടര്‍ച്ചയായാണ് എഐ അധിഷ്ഠിത സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പദ്ധതിയുടെ സാങ്കേതികവും ഭരണപരവുമായ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിന് മുമ്പ് പൊലീസ് വകുപ്പുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ ക്ഷണിക്കല്‍, സാങ്കേതിക-സാമ്പത്തിക യോഗ്യത പരിശോധിക്കല്‍, വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാകും പദ്ധതി നടപ്പാക്കാനുള്ള കരാര്‍ നല്‍കുക. ഓഗസ്റ്റോടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ബോര്‍ഡ് അറിയിച്ചു.
എഐ സംവിധാനത്തിന്റെ ഭാഗമായി ഹൈ-റെസല്യൂഷന്‍ ക്യാമറകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, ഡ്രോണുകള്‍, ജിപിഎസ് മാപ്പിങ്, പ്രെഡിക്ടീവ് അനലിറ്റിക്‌സ് എന്നിവ സംയോജിപ്പിച്ച പ്ലാറ്റ്ഫോം ഒരുക്കാനാണ് പദ്ധതി. തീര്‍ഥാടകരുടെ സഞ്ചാരം തത്സമയം വിലയിരുത്തി തിരക്ക് രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ മുന്‍കൂട്ടി കണ്ടെത്താനും ആവശ്യമായ നിയന്ത്രണ നടപടികള്‍ നിര്‍ദേശിക്കാനുമാകും.
ശബരിമല പാതയിലുടനീളമുള്ള നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് തിരക്ക് കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എഐ മുന്‍കൂട്ടി തിരിച്ചറിയുമെന്ന് അധികൃതര്‍ പറഞ്ഞു. അതുവഴി അപകടസാധ്യത ഉയരുന്നതിന് മുമ്പ് തന്നെ തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയും.
മഴ, ഇടിമിന്നല്‍, അപ്രതീക്ഷിത തിരക്ക് തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് തത്സമയ മുന്നറിയിപ്പുകളും പ്രവര്‍ത്തന നിര്‍ദേശങ്ങളും നല്‍കാന്‍ സംവിധാനത്തിന് സാധിക്കും. മുഴുവന്‍ തീര്‍ഥാടന പാതയും ഡിജിറ്റലായി മാപ്പ് ചെയ്ത് ലൈവ് ക്യാമറാ ദൃശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യം.
മുഖം തിരിച്ചറിയുന്ന എഐ ക്യാമറകള്‍ ഉപയോഗിക്കുന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. കാണാതാകുന്ന കുട്ടികളെയും വയോധികരെയും മറ്റ് തീര്‍ഥാടകരെയും വളരെ വേഗത്തില്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായകമാകുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ച് സുരക്ഷാ നിരീക്ഷണവും ശക്തിപ്പെടുത്താനാണ് നീക്കം.
തീര്‍ഥാടകര്‍ക്കും പുതിയ സാങ്കേതിക സംവിധാനത്തിന്റെ നേട്ടം നേരിട്ട് ലഭിക്കും. വിവിധ കേന്ദ്രങ്ങളിലെ തിരക്കിന്റെ തോത്, കാത്തിരിപ്പ് സമയം, യാത്രാമാര്‍ഗങ്ങളിലെ സാഹചര്യം തുടങ്ങിയ വിവരങ്ങള്‍ തത്സമയം അറിയിക്കുന്ന സംവിധാനവും പദ്ധതിയുടെ ഭാഗമാകും. വാഹനയാത്രയ്‌ക്ക് നാവിഗേഷന്‍ ആപ്പുകള്‍ നല്‍കുന്ന സഹായത്തിന് സമാനമായ അനുഭവം തീര്‍ഥാടകര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതി സുരക്ഷയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ‘ക്ലീന്‍ ശബരിമല, ഗ്രീന്‍ ശബരിമല’ മാതൃക നടപ്പാക്കുന്നതിനായി ശാസ്ത്രീയ മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കല്‍, മെച്ചപ്പെട്ട ശുചീകരണ സംവിധാനം എന്നിവക്കും മുന്‍ഗണന നല്‍കും.
സുചിത്വ മിഷനുമായി ചേര്‍ന്ന് പുതിയ മാലിന്യ നിര്‍മാര്‍ജന മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നുണ്ട്. ശബരിമല മേഖലയിലെ കടകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ കരാറുകളിലും ടെന്‍ഡര്‍ വ്യവസ്ഥകളിലും മാലിന്യ സംസ്‌കരണവും ശുചിത്വവും സംബന്ധിച്ച വ്യക്തമായ ഉത്തരവാദിത്തങ്ങള്‍ ഉള്‍പ്പെടുത്തും.
ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം തീര്‍ഥാടകരും എത്തുന്നത്. ഏകദേശം 75 ശതമാനം തീര്‍ഥാടകരും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ അവിടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
തീര്‍ഥാടന മാര്‍ഗനിര്‍ദേശങ്ങള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്നിവ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, മറ്റ് പ്രചാരണ മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കും.
സാങ്കേതികവിദ്യയുടെ സഹായത്തോടെയും ശാസ്ത്രീയ ആസൂത്രണത്തോടെയും എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയും ശബരിമലയെ കൂടുതല്‍ സുരക്ഷിതവും ശുചിത്വപൂര്‍ണവും തീര്‍ഥാടക സൗഹൃദവുമായ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. വരുന്ന തീര്‍ഥാടന സീസണില്‍ തന്നെ എഐ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ശ്രമം.