തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യവർജനം എന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണെന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത കുറയ്‌ക്കുമെന്നത് ഈ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നിലപാടുകൾ നിലനിൽക്കുന്നതിനിടയിൽ ബജറ്റിൽ മദ്യനികുതിയിളവിന് തീരുമാനം വന്നത് എങ്ങനെ എന്നത് മനസിലാകുന്നില്ലെന്ന് സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മദ്യവർജന വിഷയത്തിൽ സർക്കാർ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നികുതിയിളവ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയും പിന്നീട് കത്ത് നൽകുകയും ചെയ്തതായി സുധീരൻ പറഞ്ഞു. സർക്കാർ നയത്തിനെതിരെ വിവിധ മേഖലകളിൽ നിന്ന് ശക്തമായ പ്രതികരണം ഉയരുന്നുണ്ടെന്നും ജനവികാരം പരിഗണിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിമണൽ ഖനനത്തിന് വഴിവെക്കുന്ന സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ എങ്ങനെ വന്നുവെന്ന് വ്യക്തമല്ലെന്നും തീരദേശ ജനതയ്‌ക്ക് വലിയ ആശങ്കയുണ്ടെന്നും സുധീരൻ പറഞ്ഞു.