തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇടിമിന്നൽ മനുഷ്യജീവനും മൃഗങ്ങൾക്കും മാത്രമല്ല, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും വരെ വലിയ നാശനഷ്ടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കാർമേഘം കാണുന്ന സമയത്തുതന്നെ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല.
അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുത് എന്നും മുന്നറിയിപ്പുണ്ട്. കൂടാതെ കർണാടക തീരത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.















